തിരുവനന്തപുരം: കെ എസ് ആർ ടി സി നക്കാർക്ക് ശമ്പളം നൽകില്ല എന്ന വാശി സർക്കാർ ഉപേക്ഷിക്കണം. മേയ് മാസം വരുമാനം 193 കോടി രൂപ കടന്നിട്ടും വേതനം നൽകാൻ തയ്യാറാവാതെ കള്ളക്കണക്കുകൾ പറഞ്ഞ് പറ്റിക്കുകയായിരുന്നു. അസത്യ പ്രചരണത്തിന് അധികം ആയുസ്സില്ലാതിരുന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സമരം തെരുവിലേക്ക് മാറുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. എംപ്ലോയീസ് സംഘ് -ൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും നടത്തുന്ന 19-ാം ദിവസത്തെ ധർണ്ണാ സമരം എൻ ജി ഓ സംഘ് സംസ്ഥാന സമിതി അംഗം പ്രദീപ് പുള്ളിത്തലയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മാസം അവസാനിക്കാറായിട്ടും മുൻ മാസത്തെ ശമ്പളത്തിനായുള്ള സമരം കാണാൻ കണ്ണില്ലാത്ത കമ്മ്യൂണിസ്റ്റ് സർക്കാരിന് ത്രിപുരയും പശ്ചിമ ബംഗാളും നൽകിയ പാഠം കേരളവും ആവർത്തിക്കും.
പൊതുഗതാഗതത്തെ പെരുവഴിയാക്കി കീശ വീർപ്പിക്കാനുള്ള തന്ത്രം ജനാധിപത്യ സമൂഹം ചെറുത്തു തോല്പിക്കും. സർക്കാർ അംഗീകൃത പദ്ധതികളിലൂടെ കെ എസ് ആർ ടി സി ക്കുണ്ടായ കടവും, പെൻഷൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണം. അമിതമായി ഈടാക്കുന്ന ഡീസൽ നികുതി പിൻവലിക്കുകയും ചെയ്താൽ ആർ ടി സി ലാഭത്തിലാവും. സമരമുഖം തെരുവിലേക്ക് മാറുന്നതു വരെ സർക്കാർ കാത്തിരിക്കരുത്.
കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ജി.എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് ശശികുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജീവൻ സി നായർ, ജോയിൻ്റ് സെക്രട്ടറി എ എൻ സുജിത്, കൊല്ലം ജില്ലാ സെക്രട്ടറി എം ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
