ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. രണ്ട് ഇലക്ട്രിക് ബസുകളാണ് കോർപ്പറേഷൻ വാങ്ങാൻ ലക്ഷ്യമിടുന്നത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ഗതാഗതത്തിനു പുറമെ ടൂറിസവും ലക്ഷ്യമിട്ടാണ് പുതിയ ബസുകൾ വാങ്ങുന്നത്.
മേൽക്കൂര നീക്കം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ഇലക്ട്രിക് ബസുകളാണെത്തുന്നത്. അശോക് ലെയ് ലാൻഡിന്റെ സ്വിച്ച് എന്ന കമ്പനിയിൽ നിന്നാണ് ബസ് വാങ്ങുന്നത്. കെഎസ്ആർടിസിയുടെ ടെക്നിക്കൽ കമ്പനിയുടെ വിലയിരുത്തലിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ബസിന്റെ നിറവും ലോഗോയും കെഎസ്ആർടിസി നൽകും. ഓർഡർ നൽകി 90 ദിവസത്തിനുള്ളിൽ ബസ് എത്തിക്കണം. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്.
ഡബിൾ ഡെക്കറിലെ നഗര കാഴ്ചക്ക് തിരക്ക് കൂടിയപ്പോഴാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കണമെന്ന ആശയം ഉയർന്നുവന്നത്. പാപ്പനംകോട് സെൻട്രൽ ഡിപ്പോയിലെ ഡബിൾ ഡെക്കറും നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാർ മൂലം നടപ്പായില്ല. ബസിന്റെ ഭാഗങ്ങൾ ലഭ്യമല്ലാത്തതായിരുന്നു വെല്ലുവിളി.

