മലപ്പുറം: ഏഷ്യാനെറ്റിലെ ‘മുന്‍ഷി’ കെ പി ശിവശങ്കര കുറുപ്പ് മരണപ്പെട്ടു. മുന്‍ഷി പരമ്പര തുടങ്ങി ആദ്യത്തെ പത്തുവര്‍ഷം ശിവശങ്കരക്കുറുപ്പായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ ഈ കഥാപാത്രത്തില്‍ നിന്ന് പിന്മാ റുകയായിരുന്നു . കൊല്ലം പരവൂര്‍ സ്വദേശിയാണ് അദ്ദേഹം. നീണ്ട 20 വര്‍ഷങ്ങള്‍കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതമായ കാര്‍ട്ടൂണ്‍ സ്ട്രിപ്പാണ് ‘മുന്‍ഷി’. ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ‘മുന്‍ഷി’ ചെയ്യുന്നത്. ഇത്രയും നീണ്ട വര്‍ഷങ്ങളുടെ ചരിത്രം പറയാവുന്ന മറ്റൊരു ടെലിവിഷന്‍ പ്രോഗ്രാം വേറെയില്ല.
ഏറ്റവുമധികം എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്സ് ഓഫ് വേള്‍ഡ് റെക്കോർഡ്സിലും ‘മുന്‍ഷി’ ഇടം നേടിയിരുന്നു. കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും ആള് ഇന്ത്യാ റേഡിയോ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ആള് കേരള ഫോട്ടോഗ്രാഫി അസോസിയേഷന് പരവൂര്‍ മേഖല ഉപദ്ദേശക സമിതി അംഗമായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍, സി.വി പത്മരാജന് പി.കെ.ഗുരുദാസന് തുടങ്ങിയ പ്രതിഭകള്‍ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. രണ്ട് പതിറ്റാണ്ടായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അനില്‍ ബാനര്‍ജിയാണ്.