മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും(കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ഭാഗമായി സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാനൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കും.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ മാക്ക് ബഹ്റൈൻ മീഡിയാ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ടും പ്രമുഖ ഡോക്ടറും സോഷ്യൽ പ്രവർത്തകനുമായ ഡോ: പി. വി. ചെറിയാൻ എന്നിവർ വിശിഷ്ട അതിഥികളായെത്തി.
കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. കെപിഎഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, യു.കെ ബാലൻ, സിനിമ, സീരിയിൽ ആർട്ടിസ്റ്റ് ശ്രീലയ റോബിൻ എന്നിവർ സംസാരിച്ചു. അൽഹിലാൽ ഹോസ്പിറ്റലിന് വേണ്ടി മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ കെ.പി.എഫ് ൽ നിന്നും മെമൻ്റോ ഏറ്റുവാങ്ങി.
അൽഹിലാൽ മെഡിക്കൽ സെന്റർ ഡോക്ടേഴ്സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സഹായകമായി കെ.പി. എഫ് എക്സിക്യുട്ടീവ് കമ്മിറ്റി, ചാരിറ്റി വിംഗ്, വനിതാ വിഭാഗം എന്നിവയുടെ അംഗങ്ങളും ക്യാമ്പ് വിജയകരമാക്കുവാൻ പ്രയത്നിച്ചു. ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് യോഗ നടപടികൾ നിയന്ത്രിച്ചു.