കൊച്ചി: പ്രശസ്ത നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ സിനിമയില്‍ നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല് വീട്ടില്‍ കെ. അനന്തന് നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം. നീല പൊന്മാന്, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്ഫാദര്‍സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി.
പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന് മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്മണിയിലെ മാളവിക അങ്ങനെ നിരവധി ശ്രദ്ധേമായ വേഷങ്ങളിലൂടെ ജനഹൃദയം കവര്‍ന്നു.
കാതലുക്ക് മര്യാദൈ, മണിരത്നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവില്‍ വേഷമിട്ടത്.
കാതലുക്ക് മര്യാദൈ, മണിരത്നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവില്‍ വേഷമിട്ടത്.
സി.പി.എമ്മിനോട് ചേര്‍ന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം. കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷയാണ്. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.
