കോഴിക്കോട്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥൂറാം ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം’ എന്ന് കമന്റ് ചെയ്ത് കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍. കമന്റ് വിവാദമായതിന് പിന്നാലെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന് കമന്റ് ഡിലീറ്റ് ചെയ്തു.
‘വൈ നാഥൂറാം കില്‍ഡ് ഗാന്ധി എന്ന ആര്‍ട്ടിക്കിള്‍ വായിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെ കമന്റ് ഇട്ടത്. കമന്റ് വിവാദമാകുമെന്ന് കരുതിയില്ലെന്നും ഇത്തരത്തില്‍ വിവാദമായതില്‍ വിഷമമുണ്ടെന്നും ഷൈജ ആണ്ടവന് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. വിവാദമായതോടെ താന്‍ കമന്റ് ഡിലീറ്റ് ചെയ്തു, തന്റെ ജോലി പഠിപ്പിക്കലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യളള ആളല്ല താന്‍. രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നും ആര്‍ട്ടിക്കിള്‍ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കമന്റ് ഇട്ടതെന്നും ഷൈജ ആണ്ടവന് കൂട്ടിച്ചേര്‍ത്തു.
ഹിന്ദു മഹാസഭാ പ്രവര്ത്തകന് നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രഫസര്‍ ഷൈജ ആണ്ടവന് ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ’ എന്ന് കമന്റ് ഇട്ടത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ കോഴിക്കോട് എന്‍ഐടിയിലെ പ്രൊഫസറുടെ ഗോഡ്സെ അനുകൂല പ്രതികരണം ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തതോടെയാണ് ഷൈജ ആണ്ടവന് കമന്റ് ഡിലീറ്റ് ചെയ്തതത്.