കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ തടിയന്റവിട നസീറിനേയും ഷിഫാസിനേയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികളുടെ അപ്പീൽ ഹർജിയും, എൻ ഐ എ ഹർജിയും വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. അബ്ദുൾ ഹാലിം, അബൂബക്കർ യുസഫ് എന്നിവരെ വെറുതെ വിട്ടതിനെതിരായ എൻ ഐ എ അപ്പീൽ കോടതി തള്ളി. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിക്കെതിരെയാണ് ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷിഫാസും കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കേസിൽ നിരപരാധികളായതിനാൽ യുഎപിഎ അടക്കമുളള കുറ്റങ്ങൾ നിലനൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.
2011 ലാണ് ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2006 മാർച്ച് 3നാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൾ ബസ് സ്റ്റാൻഡിലും സ്ഫോടനമുണ്ടായത്. കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് എൻഐഎയും ഏറ്റെടുക്കുകയായിരുന്നു.ആകെ ഒമ്പത് പ്രതികളാണ് കേസിലുളളത്. ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണകാലയളവിൽ മരിച്ചിരുന്നു. കേസിൽ തടിയന്റെവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്.
