
കോഴിക്കോട്: ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രതി റംഷാദ്, നിഷാദിനെ ആക്രമിച്ചത്. നിഷാദിന്റെ കൈവശമുണ്ടായിരുന്ന നാലായിരത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. മറ്റൊരു ബസിൽ ഡ്രൈവറായി ജോലിചെയ്തുവരികയാണ് പ്രതി റംഷാദ്. റംഷാദും നിഷാദും ഒരുസീറ്റിലിരുന്ന് യാത്രചെയ്യുന്നതിനിടെ പൊക്കുന്ന് ഭാഗത്ത് എത്തിയപ്പോഴാണ് നിഷാദിനെ റംഷാദ് ആക്രമിച്ചത്.
ഒന്നിച്ചിരുന്ന യാത്രചെയ്യവെ നിഷാദിന്റെ തോളിൽ റംഷാദ് കൈവെച്ചു. ഇത് എതിർത്തതിലെ പ്രകോപനമാണ് ആക്രമിക്കാൻ കാരണമെന്നാണ് വിവരം. അതിക്രൂരമായി ബസിൽ വെച്ച് മർദിക്കുന്നതും ഇറക്കിവിടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റു യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആരുംതന്നെ വിഷയത്തിൽ ഇടപെട്ടില്ല.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസമാണ് പോലീസിൽ പരാതി ലഭിച്ചത്. തുടർന്ന് രാത്രിതന്നെ റംഷാദിനെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
