കോഴിക്കോട് : കല്ലായി റെയിൽ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്ലായി സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനാണ് അറസ്റ്റ്. രാവിലെയോടെയാണ് റെയിൽവേ പാളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പാളം പരിശോധിക്കാനെത്തിയ ജീവനക്കാരായിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തീവണ്ടി അട്ടിമറിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ പദ്ധതിയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അസീസിന്റെ വീട്ടിലെ വിവാഹ ആഘോഷങ്ങൾക്കായി വാങ്ങിച്ച പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും പടക്കം പൊട്ടിച്ചതായി പോലീസിന് വ്യക്തമായി. വീട്ടിൽ നിന്നും പടക്കത്തിന്റെ ബാക്കിയും കണ്ടെടുത്തിട്ടുണ്ട്. ഇതേ തുടർന്ന് അസീസിനും കുടുംബത്തിനുമെതിരെ കേസ് എടുക്കുകയായിരുന്നു.