കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മക്കളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പരപുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് സമ്മതിപ്പിച്ചതെന്ന് സഹോദരന് വെളിപ്പെടുത്തി. എട്ടുപേരാണ് സഹോദരിയെ പീഡിപ്പിച്ചത്. വിസമ്മതിച്ചപ്പോള്‍ ഒരിക്കല്‍ സഹോദരിയെ കെട്ടിയിട്ടു. അമ്മ വിചാരിച്ചാല്‍ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞു. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരലെന്നും പരാതി നല്കിയ യുവതിയുടെ സഹോദരന് പറഞ്ഞു.
ആദ്യം അറിഞ്ഞപ്പോള്‍ സഹോദരിയുടെ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ്. മാപ്പ് പറഞ്ഞു ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി. ആലപ്പുഴയില്‍ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മര്‍ദം താങ്ങാതെ സംഭവം വെളിപ്പെടുത്തിയത്. പ്രതിക്ക് ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സഹോദരന് പറഞ്ഞു.

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് തന്നെ കെണിയില്‍പ്പെടുത്തിയതെന്ന് പരാതിക്കാരിയായ പത്തനാട് സ്വദേശിയായ 27 കാരി പറയുന്നു. ആദ്യ കുട്ടിക്ക് മൂന്നു വയസ്സ് ആയതിന് ശേഷമാണ് ഭര്‍ത്താവ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയത്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭര്‍ത്താവ് രമ്യസംഭാഷണത്തിലൂടെ തിരികെ വിളിച്ചുകൊണ്ടു പോരുകയായിരുന്നു.
