തിരുവനന്തപുരം; വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും, ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുകയും, സംരക്ഷിക്കുന്നതിലേയ്ക്കുമായി കേരള പോലീസ്, ബച്പൻ ബച്ചാപൻ ആന്തോളൻ എന്ന സംഘടനയുമായി സംയുക്തമായി കേരളത്തിലുടനീളം തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ സൈബർ സുരക്ഷ്ക്കായി “കൂട്ട്” എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 26 ന് രാവിലെ 09.30ന് കോട്ടൺഹിൽ സ്കൂളിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ അതിപ്രസരത്തിൽ കുട്ടികൾക്കു നേരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. അപക്വമായ ഇത്തരം ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളാണ് എന്ന വസ്തുത മനസ്സിലാക്കി സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം.
പദ്ധതിയുടെ രണ്ടാം ഘട്ടമായി , കേരളത്തിൽ പി ഹണ്ട് റെയ്ഡുകൾ കൂടിയ ജില്ലകളിൽ അസോസിയേഷൻ ഫോർ വോളന്റിയർ ആക്ഷൻ, ജില്ലാ പോലീസുമായി സഹകരിച്ച് കൗൺസിലിംങ്ങ് സെന്റെറുകൾ സ്ഥാപിക്കുന്നു. കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പ്രാപ്തരാക്കുന്നതോടൊപ്പം കുട്ടികൾക്കാവശ്യമായ നിയമസഹായം നൽകി കുറ്റകൃത്യങ്ങൾക്കെതിരായി ശക്തമായി പോരാടാൻ അവരെ പൂർണ്ണമായി സജ്ജമാക്കുക എന്നതാണ് ഈ ഘട്ടത്തിലെ ലക്ഷ്യം.
മെറ്റ ( ഫെയ്സ് ബുക്ക്), ചൈൽഡ് ലൈൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ബ്ലൂ ചിപ്പ് ( കുട്ടികൾക്ക് കൗൺസിംഗ് നൽകുന്ന സംഘടന ), മാക് ലാബ്സ് ( സൈബർ അവയർനസ് നൽകുന്ന സംഘടന), ഇൻകർറോബോട്ടിക്സ് ,ബോധിനി, ഇന്ത്യ ഫ്യൂച്ചർ ഫൗണ്ടേഷൻ, സൈബർ സുരക്ഷ ഫൗണ്ടേഷൻ ( എൻജിഒ) എന്നിവരുടെ സഹകരണത്തോടെയാണ് കൂട്ട് പദ്ധതി നടപ്പിലാക്കുന്നത്.