പത്തനംതിട്ട: കൂടൽ ബവ്റിജസ് മദ്യവിൽപന ശാലയിൽ 81.6 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ഓൺലൈൻ ചൂതാട്ടത്തിനായാണ് പ്രതി പണം ചെലവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ക്ലർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിൽ 22.5 ലക്ഷം രൂപയാണുള്ളത്. ഇയാള്‍ യശ്വന്ത്പുർ സ്വദേശികളായ രണ്ടുപേരുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിട്ടുള്ളത്. വെയർഹൗസ് മാനേജരുടെ പരാതിയിൽ കൂടൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
ബാങ്കിൽ അടയ്ക്കാനുള്ള പണത്തിന്റെ സ്ലിപ്പിൽ തുക കുറച്ചെഴുതി പണം തട്ടിയെന്നാണു പരാതി. 6 മാസത്തോളം ഇങ്ങനെ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്. ഈ സംഭവത്തിൽ തട്ടിപ്പ് കണ്ടെത്താത്തിനെ തുടർന്ന് ജില്ലാ ഓഡിറ്റ് സംഘത്തെ വിവിധ ഓഫീസുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു.