കൊല്ലം: എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കുന്നതിനായി കൊല്ലം തുറമുഖത്ത് ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച തിരുവനന്തപുരം ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസേഴ്സിലെ (എഫ്ആർആർഒ) ഉദ്യോഗസ്ഥ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പരിശോധനയിൽ സംതൃപ്തി അറിയിച്ചും കൊല്ലത്തിന് അനുകൂലമായ റിപ്പോർട്ടാണ് എഫ്ആർആർഒ അസിസ്റ്റന്റ് രാജൻ ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയത്. കപ്പൽ ക്രൂ ചെയ്ഞ്ചിങ്ങിനും വിദേശ യാത്രാക്കപ്പൽ വന്നുപോകുന്നതിനും എമിഗ്രേഷൻ ചെക്ക് പോയിന്റ് അനിവാര്യമാണ്.

കഴിഞ്ഞാഴ്ചയാണ് നാലംഗ സംഘം കൊല്ലം തുറമുഖം സന്ദർശിച്ചത്. പുതിയതായി സ്ഥാപിച്ച ആറ് കൗണ്ടർ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചു. പോർട്ട് പർസർ ആർ സുനിൽ തുറമുഖത്ത് ഒരുക്കിയ സൗകര്യങ്ങൾ വിശദീകരിച്ചു. അടിസ്ഥാന സൗകര്യക്കുറവാണ് കൊല്ലത്തിന് എമിഗ്രേഷന് തടസ്സമായി ഇതുവരെ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നത്. ആഭ്യന്തര മന്ത്രാലയം നിർദേശിച്ച എല്ലാ സൗകര്യങ്ങളും ഒരുക്കിയ സാഹചര്യത്തിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തുറമുഖ വകുപ്പും കൊല്ലം നഗരവും.

2020ൽ എമിഗ്രേഷൻ ചെക്ക് പോയിന്റിനായി തുറമുഖത്ത് മെക്കാനിക്കൽ എൻജിനിയർ വർക് ഷോപ്പിനു മുകളിൽ ഒരു കൗണ്ടർ ഒരുക്കിയിരുന്നു. അന്നും തിരുവനന്തപുരം എഫ്ആർആർഒ ഓഫീസർ കൊല്ലത്തെത്തി പരിശോധന നടത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അനുകൂല റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഒരു കൗണ്ടർ മാത്രമുള്ള വിഴിഞ്ഞത്തെയും ബേപ്പൂരിനെയും എമിഗ്രേഷൻ ചെക്ക് പോയിന്റായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചെങ്കിലും കൊല്ലത്തെ മാത്രം അവഗണിച്ചു.
