കൊൽക്കത്ത: ആർ.ജി. കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ. കുറ്റകൃത്യം മറച്ചുവെക്കാൻ ദത്ത പ്രതിയെ സഹായിച്ചിരിക്കാനുള്ള സാധ്യത പരിഗണിച്ചാണ് സിബിഐ നടപടി. അനുമതിക്കായി സിബിഐ സംഘം കൊൽക്കത്ത കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതി, അനൂപ് ദത്തയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോയെന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് ശ്രമം. അതേസമയം, മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന സിബിഐ പൂർത്തിയാക്കി. മുഖ്യപ്രതി സഞ്ജയ് റോയിയെയും നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ആറുപേരുടെ നുണപരിശോധനയാണ് ഇതുവരെ നടന്നത്.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ, സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ആർ.ജി. കറിലെയും മറ്റു മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കുകയും ചെയ്തിരുന്നു.