തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി അംഗങ്ങള്‍ ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി.
കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളില്‍നിന്ന് മാറിനില്ക്കാന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി പറഞ്ഞു. പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിച്ചു.