തിരുവനന്തപുരം: സിപിഐഎം നേതാവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ പുസ്തക ശേഖരം ഇനി ഗവേഷകർക്കും ഉപയോഗിക്കാം. ഏതാണ്ട് 17,000 ത്തിലധികം പുസ്തകങ്ങൾ ആണ് പി. ജിയുടെ ശേഖരത്തിലുള്ളത്. പി.ജി. റഫറൻസ് ലൈബ്രറി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയൊന്നാകെ അംഗീകരിച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ ആണ് പി.ഗോവിന്ദപ്പിള്ള എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി വളർത്തിയെടുക്കുക എന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇക്കാര്യത്തിൽ പി.ജി. തെളിച്ചിട്ട പാത ഗുണകരമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി. ജി.സംസ്കൃതി കേന്ദ്രമാണ് പി.ജി.റഫറൻസ് ലൈബ്രറി എന്ന ആശയവുമായി മുന്നോട്ട് വന്നത്. പി.ജി.യുടെ അമൂല്യ ഗ്രന്ഥ ശേഖരം കുടുംബം
പി.ജി. സംസ്കൃതി കേന്ദ്രത്തിന് കൈമാറുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചെങ്കിലും സംവിധാനങ്ങൾ ഒരുക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന തിയതി പിന്നീട് അറിയിക്കുമെന്ന് പി.ജി. സംസ്കൃതി കേന്ദ്രം ഭാരവാഹികൾ അറിയിച്ചു.
പി. ജി. ഓർമ ദിനത്തിൽ പെരുന്താന്നി മുളയ്ക്കൽ വീട്ടിൽ നടന്ന ചടങ്ങിൽ സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പി.ജി. സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആനാവൂർ നാഗപ്പൻ അധ്യക്ഷനായിരുന്നു. മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എ.ൽഎ., മുൻ സ്പീക്കർ എം. വിജയകുമാർ, നവകേരളം മിഷൻ – 2 കോ -ഓഡിനേറ്റർ ടി. എൻ. സീമ,പി. ജി. സംസ്കൃതി കേന്ദ്രം സെക്രട്ടറി കെ.സി. വിക്രമൻ, പി.ഗോവിന്ദപ്പിള്ളയുടെ മക്കളായ എം.ജി.രാധാകൃഷ്ണൻ, ആർ.പാർവതി ദേവി എന്നിവർ പങ്കെടുത്തു.