കൊച്ചി: തൃശ്ശൂര്‍ സ്വദേശി ഉള്‍പ്പെട്ട അവയവക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരവധിപേര്‍ ഇയാള്‍വഴി അവയവയക്കടത്തിന് ഇരകളായെന്നാണ് സംശയം. ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവില്‍ പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിലൊരാള്‍ പാലക്കാട് സ്വദേശിയും ബാക്കി 19 പേര് ഉത്തരേന്ത്യക്കാരാണെന്നുമാണ് വിവരം. ഇവര്‍ക്ക് പുറമേ കൂടുതല്‍പേര്‍ അവയവക്കടത്തിന് ഇരകളായിട്ടുണ്ടെന്നാണ് പോലീസിന്റെ അനുമാനം.
വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ തൃശ്ശൂര്‍ സ്വദേശി സബിത്ത് നാസര്‍(30) കഴിഞ്ഞദിവസമാണ് കൊച്ചിയില്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും വിവരമുണ്ട്.
അവയവക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര അവയവക്കടത്ത് സംഘങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് അന്വേഷണ വിധേയമാക്കുന്നത്. പിടിയിലായ സബിത്ത് ഇടനിലക്കാരനാണോ പ്രധാന ഏജന്റാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.
സാധാരണക്കാരെ സമീപിച്ച് ചെറിയ തുക വാഗ്ദാനംചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യംചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. ഇവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡും പാസ്പോര്‍ട്ടും എടുത്ത് നല്കി ഇറാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് അവയവം എടുത്തശേഷം തിരികെ കൊണ്ടുവരും.
ഇരകളായവര്‍ക്ക് തുച്ഛമായ തുകയാണ് നല്‍കിയിരുന്നത്. ഇവര്‍ക്ക് എത്ര രൂപയാണ് നല്കിയതെന്നോ അവയവക്കടത്തുമായി ബന്ധപ്പെട്ട് മറ്റ് വലിയ കണ്ണികളുണ്ടോ, എത്ര പേര് ഇരകളായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പോലീസ് ശേഖരിക്കുകയാണ്.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. അതിനാല്‍, തിങ്കളാഴ്ച ഉച്ചയോടെ സബിത്തിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.