കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് 2021 ഡിസംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം ദേശീയാടിസ്ഥാനത്തില്‍ മൂന്നാമതെത്തി. 2021 വര്‍ഷം മുഴുവനും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)ന് ഈ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൊവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാന്‍ ഏര്‍പ്പെടുത്തിയ പരിഷ്ക്കാരങ്ങളും സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് സിയാലിനെ തുണച്ചതെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് 2021 ഡിസംബറില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി വിമാനത്താവളത്തിനാണ്. സിയാലില്‍ ഒക്ടോബറില്‍ നിലവില്‍ വന്ന ശീതകാല സമയപ്പട്ടികയനുസരിച്ച് പ്രതിദിനം 50 പുറപ്പെടല്‍ സര്‍വീസുകള്‍ ആഭ്യന്തര മേഖലയിലുണ്ട്. മുപ്പതോളം സര്‍വീസുകള്‍ രാജ്യാന്തര മേഖലയിലും സിയാലില്‍ നിന്ന് പുറപ്പെടുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.