തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെപ്പെറ്റി നിരന്തരം സംസാരിക്കുന്ന പ്രതിപക്ഷം കേന്ദ്ര ബജറ്റിനെപ്പെറ്റി നിയമസഭയില്‍ ഒരക്ഷരംപോലും പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ആ വിഷയം കേന്ദ്രത്തില്‍ നേരിട്ട് പറഞ്ഞോളാമെന്ന് തിരിച്ചടിച്ച് പ്രതിപക്ഷം.ഓണ്‍ലൈന്‍ മണിഗെയിമിങ്ങിന് ജി.എസ്.ടി. ഏര്‍പ്പെടുത്തുന്ന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്റെ മറുപടിക്കിടെ ആയിരുന്നു ഭരണ-പ്രതിപക്ഷ പോരടി. ചര്‍ച്ചയുടെ വിഷയം ജി.എസ്.ടി. ആയതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയം, കെടുകാര്യസ്ഥത, ആര്‍ഭാടം തുടങ്ങിയവയെപ്പെറ്റി പ്രതിപക്ഷം കുത്തുവാക്കുകള്‍ തുടങ്ങി. ഇതിന് മറുപടി പറയുമ്പോഴായിരുന്നു ബാലഗോപാലിന്റെ മുനവെച്ച കുത്ത്. കേന്ദ്രത്തിലും പ്രതിപക്ഷം മിണ്ടിയില്ലെന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നപ്പോള്‍, അതവിടെ (കേന്ദ്രത്തില്‍) പറഞ്ഞോളാമെന്നായി പ്രതിപക്ഷത്തെ റോജി എം. ജോണ്‍. ഇന്ത്യക്കകത്തല്ലേ കേരളമെന്ന് മറുചോദ്യം ബാലഗോപാല്‍ ഉയര്‍ത്തിയതോടെ രമേശ് ചെന്നിത്തല ഏഴുന്നേറ്റു.
‘മന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേട്ടിരിക്കുകയാണ് ഇവിടുത്തെയും പതിവ്. അല്ലാതെ അടിയുണ്ടാക്കണോ? ചര്‍ച്ചവരുമ്പോള്‍ പറയേണ്ടത് പറയും,’ – ചെന്നിത്തല പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരും രണ്ടാം പ്രതി കേന്ദ്രമവുമാണെന്ന് പ്രതിപക്ഷം പറഞ്ഞു.