മനാമ: സമുദായത്തോടും സമൂഹത്തോടും നാടിനോടും വലിയ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് എപ്പോഴും സമാധാനത്തെ കുറിച്ച് സംസാരിച്ചു കൊണ്ടെയിരിക്കും. മറ്റാർക്കും ഇല്ലാത്ത ഉത്തരവാദിത്തബോധം ലീഗിന് മാത്രം എന്താണ് എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ഇക്കാര്യത്തിൽ മറ്റാർക്കും ഇല്ലാത്ത ഉത്തരവാദിത്തം മുസ്ലിം ലീഗ് പാർട്ടിക്ക് ഉണ്ട്. കലാപത്തിന്റെ സൂചനയുള്ള നേരിയ കനൽപോടുകൾ പോലും ശ്രദ്ധയിൽ പെട്ടാൽ ദീർഘ ദൃഷ്ടിയോടെ ഇടപെടാനും അണക്കാനും പാർട്ടി നേതൃത്വം എന്നും മുൻ കൈ എടുത്തിട്ടുണ്ട്. ഒരു പക്ഷെ മറ്റു കക്ഷികളൊന്നും അത്രമേൽ സൂക്ഷ്മത പുലർത്താത്ത ഈ ഒരു ഇടത്തിൽ സദാ കണ്ണുകൾ തുറന്നു വെച്ച് ജാഗ്രതയോടെ ലീഗ് കാവൽ നിൽക്കുന്നുണ്ട് എന്ന് പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പിന്തുണച്ചു കെഎംസിസി നേതാവ് ശംസുദ്ധീൻ വെള്ളികുളങ്ങര.
ഇങ്ങനെയൊരു “അതിജാഗ്രത”യുടെ പേരിൽ പാർട്ടി പണ്ടും പഴികൾ ഒരുപാട് കേട്ടിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു എന്നത് കൊണ്ട് മാത്രം ലീഗ് അതിന്റെ റൂട്ട് മാറി സഞ്ചരിക്കേണ്ടതൊന്നുമില്ല. ഇന്ത്യയും കേരളവും വല്ലാതെ മാറി. വൈരവും വിദ്വേഷവും വംശ വെറിയും നിരന്തരം ഉപയോഗിച്ച് വോട്ടുകൾ നേടി അധികാരം നിലനിർത്താൻ ബിജെപി കേന്ദ്രത്തിൽ കളിക്കുന്ന വൃത്തികേടിന്റെ(നിവൃത്തികേടിന്റെയും) രാഷ്ടീയം സൃഷ്ടിച്ച ഇന്ത്യയുടെ അപകടകരമായ സാമൂഹിക അവസ്ഥ നമ്മുടെ മുന്നിലുണ്ട്. മതത്തിന്റെ പേരിൽ സ്വന്തം പൗരന്മാരെ നാട് കടത്താൻ നിയമം പാസ്സാക്കുകയും ഭക്ഷണത്തിന്റെ പേരിൽ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന അപരിഷകൃതക്ക് കൂട്ട് നിൽക്കുന്ന ഭരണകൂടം. വീണ്ടും ഭരണം കയ്യാളാൻ പച്ചക്കള്ളവും മുസ്ലിം വിരുദ്ധതയും നിരന്തരം പ്രചരാണായുധം ആക്കുന്ന ഇന്ത്യൻ സാഹചര്യം.
അതിരിക്കട്ടെ, കേരളത്തിലും മതേതരവിശ്വാസികളെ ആശങ്കപ്പെടുത്തുന്ന രീതിയിൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രം വേര് പിടിച്ചു കൊണ്ടിരിക്കുകയാണ്. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും വോട്ട് ബാങ്ക് ശതമാനം ബിജെപിക്ക് കേരളത്തിൽ കൂടുമെന്ന നിരീക്ഷണം കേരളത്തിന്റെ മനസാക്ഷിക്ക് ഭീഷണിയാണ്. എല്ലാറ്റിലും ഉപരിയായി നിലനിൽപ്പിന് വേണ്ടി സിപിഎം പോലെയുള്ള ഒരു പാർട്ടി ചെയ്തു കൂട്ടുന്ന വർഗീയ പ്രചരണം എല്ലാ സീമകളും ലംഘിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് “വടകരാനന്തരം.” പിണറായി മുതൽ കരുവന്നൂർ വരെ പരന്നു കിടക്കുന്ന കോടികളുടെ അഴിമതികളിൽ നിന്ന് മുഖം കാക്കാൻ ബിജെപി യുമായി ഒത്തു തീർപ്പിന് ഏതറ്റം വരെ പോകാനും സിപിഎം തയ്യാറാവുകയാണ്.
======================================================================
ALSO READ: ഷിഫ അല് ജസീറ ഹോസ്പിറ്റല് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
======================================================================
ഈ പറഞ്ഞതിനർത്വം വടകരയിലെ സിപിഎം ന്റെ വർഗീയ രാഷ്ട്രീയത്തിന്റെ ദുർമുഖം പുറത്തു കൊണ്ട് വരുന്നതിന് ലീഗോ നേതൃത്വമോ എതിരാണ് എന്നല്ല. എന്നാൽ പിണറായിയുടെ ഭരണത്തിൽ കഴിഞ്ഞ കാലങ്ങളിൽ മറ്റൊരു പാട് കാര്യങ്ങൾക്ക് ഉത്തരം കിട്ടാത്തത് പോലെ ഇതും അപ്രത്യക്ഷം ആവും. എന്തുകൊണ്ടെന്നാൽ എല്ലാ അന്വേഷണ ഏജൻസികളെയും വരുതിയിലാക്കി സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് പിണറായി. ഇ. ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സിപിഎം/ബിജെപി “കൊടുക്കൽ വാങ്ങൽ” ഡീലിന്റെ ഭാഗമായി കേരളത്തിന്റെ കാര്യത്തിൽ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്. ഷിബു സോറനും കേജിരിവാളിനും മേലെ പിടിമുറുക്കിയ കേന്ദ്രം ലാവ്ലിൻ കേസിൽ പിണറായിയുമായി ഒത്തു തീർപ്പുണ്ടാക്കി കേരളത്തിൽ പകരമായി ഒന്നോ രണ്ടോ സീറ്റുകളിൽ ബിജെപി യുടെ ജയവും പാർട്ടിക്ക് വളരാനുള്ള സാഹചര്യവും സിപിഎമ്മിൽ നിന്ന് “എഴുതി വാങ്ങി”യിരിക്കുകയാണ്. അതുകൊണ്ട് തന്നെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ “കാഫിർ അന്വേഷണ”വും വഴിക്കു വെച്ചു പണിമുടക്കും.
പിന്നെ വിട്ടുവീഴ്ച എന്നത് പാർട്ടിയുടെ മുഖമുദ്രയാണ്. മൂന്നാം സീറ്റ് ആയാലും നിയമസഭകളിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണതിന്റെ കാര്യത്തിൽ ആയാലും തങ്ങളെക്കൊണ്ട് മുന്നണി ബന്ധത്തിൽ വിള്ളൽ വീഴരുതെന്നും വടി നോക്കി നടക്കുന്ന എതിരാളികൾക്ക് അറിഞ്ഞുകൊണ്ട് അവസരം കൊടുക്കരുതെന്നും പാർട്ടി എന്നും ആഗ്രഹിക്കുന്നു. മുന്നണിയിൽ മറ്റു ഘടക കക്ഷികൾ തമ്മിലോ കോൺഗ്രസ് പാർട്ടിക്കകത്ത് തന്നെയോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും “സൗഹാർദ്ദഅന്തരീക്ഷം” ഒരുക്കാൻ ലീഗ് മുന്നിട്ടിറങ്ങാറുണ്ട്. സിപിഎം/ബിജെപി കൊലപാതക രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ കൊലക്കളം ആക്കിയ കാലത്തും “സൗഹാർദ്ദാന്തരീക്ഷം” സൃഷ്ടിക്കാൻ ലീഗ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇപ്പൊൾ വടകരയിലും ഈ ഒരു അഭിപ്രായവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ലീഡർ കുഞ്ഞാലികുട്ടി സാഹിബും മുന്നോട്ട് വന്നതിന് മറ്റു വ്യാഖ്യാനങ്ങൾ ആവശ്യമില്ല. കാലാകാലങ്ങലായി പാർട്ടി തുടർന്ന് പോരുന്ന സമാധാന ദൗത്യങ്ങളുടെ ഭാഗമായി മനസ്സിലാക്കിയാൽ മതി. പക്വമതികളായ മിത ഭാഷയിൽ സംസാരിക്കുന്ന നേതാക്കളാണ് എന്നും ഈ പാർട്ടിയുടെ അമൂല്യ സമ്പത്ത് എന്ന് ശംസുദ്ധീൻ വെള്ളികുളങ്ങര പറഞ്ഞു.