മനാമ: സംസ്ഥാന ബജറ്റ് സമ്പൂര്‍ണ പരാജയവും പ്രവാസലോകത്തെ അവഗണിച്ചുവെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി. കടക്കെണിയലേക്ക് വീണ കേരളത്തെ കരകയറ്റുന്നതിനുള്ള യാതൊരു പ്രഖ്യാപനങ്ങളും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്ന സ്ഥലങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിപ്പിച്ച്, സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ വരുമാനം കൂട്ടാനുള്ള വഴികളുണ്ടായിരുന്നെങ്കിലും അതൊന്നും പരിഗണിക്കാത്ത ബജറ്റായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാനപ്രസിഡന്റ് ഹബീബുറഹ്മാൻ ,ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
കേരളത്തിന്റെ ജിഎസ്ഡിപിയുടെ 32 ശതമാനം പങ്കും സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. എന്നാല്‍, പ്രവാസികളുടെ ക്ഷേമത്തിനോ, ഗുണകരമാകുന്നതോ ആയ പദ്ധതികളൊന്നും ബജറ്റിലുണ്ടായില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പെന്ഷന് തുക വര്‍ധനവ് ഇതുവരെ നടപ്പാക്കാത്ത സര്‍ക്കാര്‍ ബജറ്റിലൂടെ പ്രവാസികളെ വഞ്ചിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.