മനാമ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ പി. പി. എ കരീം സാഹിബിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു.
വയനാട് ജില്ലയിൽ മുസ്ലിം ലീഗ് നേതൃത്വത്തിലെ തല മുതിർന്ന നേതാവാണ് കരീം സാഹിബിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു.
വയനാട്ടിലെ തോട്ടം മേഖലകളിലും വയനാട്ടിലങ്ങോളമിങ്ങോളം മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപെടുക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന പി പി എ കരീം സാഹിബിന്റെ നിര്യാണം പാർടിക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി ഒ കെ കാസിം എന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബത്തിനും പാർട്ടിക്കും സമൂഹത്തിനുമുണ്ടായ ദുഃഖത്തിൽ കെഎംസിസി ബഹ്റൈനും പങ്കു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.
വയനാട്ടിലെ സാമൂഹ്യ മത രാഷ്ട്രീയ രംഗത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിയ പി പി എ കരീം സാഹിബിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ വയനാട് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു.
പരേതനു വേണ്ടി മയ്യിത്ത് നമസ്കരിക്കാനും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനും നേതാക്കൾ അഭ്യർത്ഥിച്ചു.