മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ സ്റ്റുഡന്റ്സ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി “സമ്മറൈസ്” എന്ന പേരിൽ നടത്തുന്ന ദ്വൈമാസ സമ്മർ ക്യാംപിന് 23ന് തുടക്കമാകും. വിദ്യാര്‍ത്ഥികളിലെ അഭിരുചിയും പഠനമികവും കലാ-കായിക ശേഷികളും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് നടത്തുന്നത്. സൂം വഴി ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ റാഷിദ് ഗസ്സാലി ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എം എസ് എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ മുഖ്യാതിഥി ആയിരിക്കും.
ഉദ്ഘാടന സംഗമത്തില്‍ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, ആക്ടിംഗ് ജന. സെക്രട്ടറി കെ.പി മുസ്തഫ, സെക്രട്ടറിയും സ്റ്റുഡന്റ്സ് വിംഗ് ചെയര്‍മാനുമായ എപി ഫൈസല്‍, വര്‍ക്കിംഗ് ചെയര്മാന് നൂറുദ്ധീന്‍ മുണ്ടേരി, ജനറൽ കൺവീനർ പിവി മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസം നിണ്ടുനില്‍ക്കുന്ന ക്യാംപിലൂടെ പെയ്തോണ് പ്രോഗാം, വ്ളോഗ്, പ്രെസന്റേഷന് സ്കില്‍, ചിത്രരചന, കാലിഗ്രഫി, ഗെയിം ഡെവലപിംഗ്, വിഡിയോ എഡിറ്റിംഗ്, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് തുടങ്ങിയവയി പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.