മനാമ: ലോകം വിറങ്ങലിച്ച കോവിഡ് മഹാമാരിയുടെ കാലത്ത് കെഎംസിസി ബഹ്റൈൻ നടത്തിയ സാമൂഹ്യ, ജീവകാരുണ്ണ്യ മേഖലകളിലെ പ്രവർത്തനങ്ങളെ ആസ്പദമാക്കി ഫോട്ടോയും റിപ്പോർട്ടും സമന്വയിപ്പിച്ച ആൽബം ഡോ.. എംകെ മുനീർ എം എൽ എ കെഎംസിസി മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു.
കെഎംസിസി ബഹ്റൈൻ പ്രൊഫഷണൽ വിങ്ങും മീഡിയ വിങ്ങും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ചേർന്ന് തയ്യാറാക്കിയ ഫോട്ടോ ആൽബത്തിൽ ബഹ്റൈനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത 2020 ഫെബ്രുവരി 24 മുതൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളിൽ ഏകദേശം 500 ദിവസത്തോളം നടത്തിയ വ്യത്യസ്തമായ സാമൂഹിക സേവനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ക്രോഡീകരിച്ച് ഉൾപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് തരംഗങ്ങളിൽ എല്ലാവരും ഭയപ്പാടോടെ ജീവിച്ചപ്പോൾ കെഎംസിസി യുടെ 350 ഓളം വരുന്ന നിർ ഭയരായ വോളണ്ടിയേഴ്സ് നടത്തിയ നിസ്തുലമായ സേവനത്തിന്റെ നേർരേഖാചിത്രമായി റിപ്പോർട്ട് മാറി എന്ന് കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.

കോവിഡിന് ശേഷം കോവിഡ് എന്ന മഹാമാരിയെ കെഎംസിസി ബഹ്റൈൻ എങ്ങനെ നേരിട്ടെന്ന് വരുന്ന തലമുറകൾക്ക് പഠിക്കാനുള്ള ഒരു റഫറൻസ് ആയി ഈ ആൽബം മാറും എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പറഞ്ഞു.
സാമൂഹിക സേവനം ഡോക്യുമെന്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡോ.. എംകെ മുനീർ എം എൽ എ പറഞ്ഞു. ഈ റിപ്പോർട്ട് ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിച്ച കെഎംസിസി പ്രൊഫഷണൽ വിങ് കൺവീനർ അലിഅക്ബർ കിഴുപറമ്പയെയും മീഡിയ കമ്മിറ്റി അംഗങ്ങളായ ഹാരിസ് വി വി തൃത്താല, മാസിൽ പട്ടാമ്പി, ശിഹാബ് പ്ലസ് എന്നിവരെയും ചടങ്ങിൽ വെച്ച് ഡോ . എംകെ മുനീർ , കെഎംസിസി സംസ്ഥാന നേതാക്കൾ എന്നിവർ അഭിനന്ദിച്ചു.
