
ദില്ലി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വരവിൽ കവിഞ്ഞ സ്വത്ത് താൻ സമ്പാദിച്ചിട്ടില്ലെന്നും തന്റെ ഇടപാടുകളെല്ലാം ബാങ്കിലൂടെയാണ് നടന്നിരിക്കുന്നതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പബ്ലിക് സർവെൻറ് എന്ന സംരക്ഷണം നൽകാതെയാണ് തനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ തീരുമാനം എടുക്കും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിലെ 3 കോടി വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ കെ.എം എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്.
ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്.
