തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ സ്ത്രീ ശാക്തീകരണ പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ.
വര്‍ഷങ്ങളോളം റേപ്പിന് ഇരയായ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് അത് തുറന്നു പറയാന്‍ വര്‍ഷങ്ങളോളം കാത്തിരിയ്ക്കണം എന്നായിരുന്നു മുന്‍ മന്ത്രിയുടെ പരാമര്‍ശം.
‘ഒരു കാര്യത്തില്‍ എനിക്ക് എതിര്‍പ്പുണ്ട്. ചിലര്‍ പറയുന്നത് കേള്‍ക്കാം വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാന്‍ എന്തിന് വര്‍ഷങ്ങളോളം കാത്തു നില്ക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോള്‍ പറയണം. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം’, അവര്‍ പറഞ്ഞു.
‘ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആര്‍ജ്ജവമില്ലെങ്കില്‍ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നില്‍ക്കണം,’ കെകെ ശൈലജ അഭിപ്രായപ്പെട്ടു.
‘തന്റേടം എന്നത് അഹങ്കാരമല്ല, അത് തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസത്തിലേക്ക് വരാന്‍ കഴിയണം. കൂട്ടത്തില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ ആ ബുദ്ധിമുട്ടില്‍ നമ്മള് ഒന്നിച്ചു നില്‍ക്കണം. ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തില്‍ ഒരാള്‍ തുറന്ന് പറഞ്ഞതില്‍ സന്തോഷം. സിനിമ മേഖലയില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ വേണം. പരാതി പറയാന്‍ സ്ത്രീകളും കേള്‍ക്കാന്‍ സംഘടനയും തയ്യാറാകണം’, അവര്‍ കൂട്ടിച്ചേര്‍ത്തു.
