തിരുവനന്തപുരം : അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുന്നത് തടയണമെന്ന് കെ കെ രമ. ഒരു സ്ത്രീയും അഭിമുഖീകരിക്കാൻ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ബിന്ദു അമ്മിണി നേരിട്ടതെന്നും കെ കെ രമ പറഞ്ഞു. ഇതിന് എല്ലാം കാരണം ആഭ്യന്തരവകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേട് ആണെന്നും രമ ഉന്നയിച്ചു. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിനു താഴെ അനവധി വിമർശനങ്ങളാണ് ഉയരുന്നത്.
കെ കെ രമ പറഞ്ഞത് :
അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവർ നേരിട്ട ആക്രമണം കണ്ടു നിൽക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ? ഒരു സ്ത്രീയും അഭിമുഖീകരിക്കാൻ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവർ ഏറ്റുവാങ്ങിയത്.
നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സർക്കാർ തന്നെയാണ് ഉത്തരവാദി.
ജനാധിപത്യബോധ്യമുള്ള മുഴുവൻ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.
