മനാമ: ലക്ഷ്യ ബഹ്റൈൻ സ്റ്റാർവിഷൻ ഇവന്റസിൻറെ സഹകരണത്തോടുകൂടി അവതരിപ്പിക്കുന്ന “ഖുദാ ഹാഫിസ്” എന്ന മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ ഇന്ന് വൈകുന്നേരം 7.30 ന് ഇസാടൗണിലെ ഇന്ത്യൻ സ്കൂൾ ജഷൻമൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. ‘റൂമി’ എന്ന ചുരുക്കപ്പേരിൽ ലോകപ്രശസ്തനായ ഇസ്ലാമിക് പണ്ഡിതനും സൂഫിവര്യനുമായ മൗലാനാ ജലാലുദ്ധീൻ മുഹമ്മദ് റൂമിയുടെ ജീവിതകഥ സ്നേഹത്തിന്റെയും ആത്മീയതയുടെയും നഷ്ടബോധത്തിന്റെയും തീവ്രതയിൽ നൃത്തസംഗീതനാടക രൂപേണ ദൃശ്യചാരുതയോടെ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെടുന്നതാണ് “ഖുദാ ഹാഫിസ്” എന്ന മെഗാ ഡാൻസ് ഡ്രാമ.
ലക്ഷ്യയുടെ സ്ഥാപകയും കമല, മെലൂഹ, ബുദ്ധ ദി ഡിവൈൻ എന്നീ കലാസൃഷ്ടികളുടെ സംവിധായികയുമായ വിദ്യാശ്രീ ആശയവും, രചനയും, കോറിയോഗ്രാഫിയും, സംവിധാനവും നിർവഹിക്കുന്നതാണ് “ഖുദാ ഹാഫിസ്” എന്ന ഈ ഡാൻസ് ആൻഡ് മ്യൂസിക്കൽ മെഗാഷോ. അരങ്ങിലും അണിയറയിലുമായി ബഹ്റൈനിലെ അറിയപ്പെടുന്ന 50ൽ പരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. പ്രോഗ്രാമിനു മുന്നോടിയായി പാലക്കാട് ശ്രീറാം അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസെർട്ട് ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ് .