
കൊച്ചി: ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്ന തരത്തിൽ ഡയറക്ടറുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മാർച്ച് 18 ന്, ചൊവ്വാഴ്ച്ച, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. അന്യായമായതും തിടുക്കത്തിലുള്ളതുമായ അച്ചടക്കനടപടികളിലൂടെ ജീവനക്കാരെ മുഴുവൻ അസംതൃപ്തരാക്കുന്ന DHS ന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു. ഒഴിഞ്ഞു കിടക്കുന്ന നിരവധി തസ്തികകൾ നികത്തുന്നതുൾപ്പടെ ഡോക്ടർമാരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിൽ ഉണ്ടാകുന്ന തികഞ്ഞ അലംഭാവവും ശക്തമായ പ്രതിഷേധത്തിന് കാരണമായി. ജീവനക്കാരോട് ധിക്കാരമായി പെരുമാറുന്ന എറണാകുളം ഡി.പി.എം ൻ്റെ സർവ്വീസ് ചട്ട ലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡി.എച്ച്.എസ് ൻ്റെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും എറണാകുളം ഡി.പി.എം നെ പ്രസ്തുത നീക്കണമെന്നും ഉള്ള ആവശ്യം പ്രതിഷേധ ധർണയിൽ ഉയർന്നു.
യോഗം കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി ജോസഫ്, സംസ്ഥാന ട്രഷറർ ഡോ. ശ്രീകാന്ത് ഡി, എഡിറ്റർ ഡോ. ബിജോയ് സി.പി, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ടി എൻ, മുൻ സംസ്ഥാന പ്രസിഡണ്ടും സർവീസ് ഡോക്ടർമാരുടെ അഖിലേന്ത്യ ഫെഡറേഷൻ വൈസ് പ്രസിഡണ്ടുമായ ഡോ. വിജയകൃഷ്ണൻ ജി എസ്, KGMCTA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ റോസ്നാര ബീഗം, KGIMOA സംസ്ഥാന സെക്രട്ടറി ഡോക്ടർ രാധാകൃഷ്ണൻ, IMA തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഡോ. ശ്രീജിത്ത് ആർ, KGMOA സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ, ഡോ സാബു സുഗതൻ, ഡോ.വിൻസന്റ് എ ബി, ഡോ. രാജേഷ് ഒ ടി, ജോയിന്റ് സെക്രട്ടറിമാരായ ഡോ. രമേശ് ഡി ജി, ഡോ ടോണി തോമസ്, ജില്ലാ പ്രസിഡണ്ടുമാരെ പ്രതിനിധീകരിച്ച് ഡോ ലിസി, KGMOA മീഡിയ സെൽ കൺവീനർ ഡോ. പത്മപ്രസാദ്, സംസ്ഥാന സമിതി അംഗം ഡോ ദീപ കെ എച്ച്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുനിത എൻ എന്നിവർ സംസാരിച്ചു.
രോഗീപരിചരണം മുടങ്ങാതെ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇതേ സമയം തന്നെ സംസ്ഥാനത്തെ എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.
സംഘടന ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരമാർഗ്ഗങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി KGMOA യുമായി ചേർന്ന് സംയുക്ത സമരസമിതി രൂപീകരിക്കുമെന്നും സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും IMA സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
