മനാമ: ബഹ്റൈൻ പ്രവാസി മലയാളികൾക്ക് ഇടയിലെ ഏറ്റവും വലിയ കായിക കൂട്ടായ്മയായ കെ.എഫ്.എ (KFA) ബഹ്റൈൻ, പവിഴദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം പ്രഖ്യാപിച്ചു. 2022 മെയ് 19 ന് ഹൂറ അൽ തീൽ ടർഫിൽ ആരംഭിക്കുന്ന മത്സരങ്ങൾ വരുന്ന ഒരു മാസത്തോളം ബഹ്റൈൻ മലയാളികളുടെ സിരകളിളും ചിന്തകളിലും ഫുട്ബോൾ നിറങ്ങൾ പടർത്തും.
പ്രവാസി മലയാളികൾക്ക് ഇടയിൽ വ്യായാമത്തിനും ആരോഗ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് 2019ൽ 20 ഓളം ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ, 2022ൽ എത്തിനിൽക്കുമ്പോൾ 54 ക്ലബ്ബ്കളും 1200ഓളം കളിക്കാരും ചേർന്ന വലിയ ഒരു കൂട്ടായ്മയായി വളർന്നിരിക്കുന്നു.
അമേച്വർ, സെമി-പ്രൊഫഷണൽ, പ്രൊഫഷണൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി കളിക്കാരെ തരംതിരിച്ചു ഓരോ വിഭാഗങ്ങൾക്കും വെവ്വേറെ മത്സരങ്ങൾ ആണ് സംഘടിപ്പിക്കുന്നത് എന്ന് 06.05.2022ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ഉബൈദ് പൂമംഗലം അറിയിച്ചു.
അസോസിയേഷന്റെ മറ്റു ഭാരവാഹികൾ ആയ കൃഷ്ണദാസ്, തസ്ലിം തെന്നാടൻ, മുഹമ്മദ് റഫീഖ്, അരുൺ, അബ്ദുൽ ജലീൽ, സജ്ജാദ് സുലൈമാൻ, സവാദ് എന്നിവരെ കൂടാതെ കൂട്ടായ്മയിലെ മറ്റു ക്ലബ് മാനേജർമാരും യോഗത്തിൽ പങ്കെടുത്തു.
