
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തെ തുടർന്ന് അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി.

കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും എം ലിജുവുമുൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തിയതോടെ പ്രതിഷേധം കനത്തു. പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അബിൻ വർക്കിയെ തല്ലിയ കൻ്റോൺമെന്റ് എസ് ഐ ആയ ഷിജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടതിനാലാണ് അബിൻ വർക്കിക്ക് നേരെ പൊലീസ് അതിക്രമമുണ്ടായതെന്നാണ് നേതാക്കൾ ആരോപിക്കുന്നത്.

ഈ പൊലീസുകാരന് ഡിവൈഎഫ്ഐയുമായി ബന്ധമുണ്ടെന്നും കോണ്ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പരിക്കേറ്റ അബിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷത്തിന് അയവു വന്നതോടെ പ്രവർത്തകർ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നിലവിൽ സ്ഥലത്തുനിന്ന് പ്രവർത്തകർ പിരിഞ്ഞു പോയി. അതേസമയം, പരിക്കേറ്റ മറ്റു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
