തിരുവനന്തപുരം: വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന് എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ്.