തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിറകിന് കീഴിൽ സംരക്ഷണം കിട്ടുമെന്ന് കരുതുന്ന ജിഹാദികൾ കരുതിയിരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ ,പാർലമെന്ററി കാര്യസഹ മന്ത്രി വി. മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവൽക്കാരൻ ഉണർന്നിരിക്കുന്ന ഇന്ത്യയിൽ ഒരു ജിഹാദിക്കും രക്ഷപെടാൻ കഴിയില്ല. ജിഹാദികളുടെ മണ്ണാക്കി കേരളത്തെ മാറ്റിയത് സംസ്ഥാനം ഭരിച്ചിട്ടുള്ളവരുടെ മൃദുസമീപനമാണെന്നും കേരളത്തിന്റെ മണ്ണ് ജിഹാദികൾക്ക് ഉള്ളതല്ലെന്നും മന്ത്രി പറഞ്ഞു. പകൽ ഡി.വൈ.എഫ് ഐയും രാത്രി എസ്.ഡി.പി.ഐയും ആയി ഇരിക്കുന്നവരും കരുതിയിരിക്കണം. ഇങ്ങനെയുള്ള ആളുകൾക്ക് എതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മന്ത്രി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവഭാരത് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രൊഫഷണൽ കോളേജുകളിൽ പെൺകുട്ടികളെ തീവ്രവാദ സംഘത്തിലേക്ക് നയിക്കുന്നതിന് ശ്രമം നടക്കുന്നുവെന്ന് സിപിഎം പറഞ്ഞതുകൊണ്ടായില്ലെന്നും ഇത്തരക്കാർക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്നതാണ് കേരളത്തിലെ ഭരണ ,പ്രതിപക്ഷത്തിൻ്റെ രീതി . ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വ്യത്യാസമില്ല. ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന ജമാ അത്തെ ഇസ്ളാമിയെയും വിയോജിപ്പുള്ളവരുടെ കൈവെട്ടുന്ന എസ്.ഡി.പി.ഐയെയും വെള്ളപൂശുന്ന സമീപനമാണ് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും കൈകൊള്ളുന്നത്. നരേന്ദ്രമോദി വംശഹത്യ നടത്തി എന്ന് അധിക്ഷേപിക്കുന്നവർ താലിബാനും ഇസ്ളാമിക് സ്റ്റേറ്റും നടത്തിയ യഥാർഥ വംശഹത്യകളെകുറിച്ച് മൗനം പാലിക്കുകയാണെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് , സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, വിജയൻ തോമസ്, യുവമോർച്ച സംസ്ഥാന ഭാരവാഹികളായ ജെ.ആർ അനുരാജ്, ബി.ജി വിഷ്ണു, ബി.എൽ അജേഷ് തുടങ്ങിയവർ പങ്കെടുത്തു.
