തിരുവനന്തപുരം: തുടർഭരണം ലഭിച്ചതിൻ്റെ അമിതാത്മവിശ്വാസത്തിൽ തദ്ദേശസ്ഥാപനങ്ങളുൾപ്പെടെയുള്ളിടങ്ങളിൽ നിന്ന് പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ ജനങ്ങളെകൊള്ളയടിയ്ക്കുവാൻ ബിജെപി എൽഡിഎഫ് നേതാക്കന്മാരെയും, ഉദ്യോഗസ്ഥരെയും അനുവദിയ്ക്കില്ലെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അഡ്വ:വിവി രാജേഷ് പറഞ്ഞു. പട്ടിക ജാതി ഫണ്ട് തട്ടിപ്പും,വീട്ടുകരം തട്ടിപ്പുമായി എൽഡിഎഫ് നേതാക്കന്മാരായ മുനി:ചെയർമാൻമാരും, പഞ്ചാ:പ്രസിഡൻ്റ്മാരും, മേയർമാരും, ഉദ്യോഗസ്ഥമാഫിയയും അരങ്ങുവാഴുമ്പോൾ സംസ്ഥാന സർക്കാർ അതിനൊക്കെ കവചമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന പട്ടികജാതി ഫണ്ട് വെട്ടിപ്പിലെ അന്വേഷണം നിലച്ചമട്ടാണ്.അത്തരത്തിൽ വീട്ടുകരം വെട്ടിപ്പും ഒതുക്കിത്തീർക്കുവാനാണ് ശ്രമിയ്ക്കുന്നത്. തുടർഭരണത്തിൽ പഞ്ചായത്ത് , വില്ലേജോഫീസുകൾ മുതൽ സെക്രട്ടറിയേറ്റുവരെ സിപി എം , ഡിവൈഎഫ്ഐ നേതാക്കന്മാരെ കുത്തിനിറച്ച് സാധാരണക്കാരുടെ പണം കൊള്ളയടിയ്ക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ഒരു തിരുത്തൽ ശക്തിയായി ബിജെപി നിലകൊള്ളും. തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം വെട്ടിപ്പിനെതിരെയുള്ള സമരം 27 ദിവസവും, നിരാഹാര സമരം 7ാം ദിവസവും പിന്നിടുമ്പോഴും സർക്കാർ പുലർത്തുന്ന മൗനം സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു.
കഴിഞ്ഞ അഞ്ചരവർഷമായി മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിപ്പിൻ്റെ പരാജയമാണ് ഓൺലൈൻ നികുതിയടപ്പ് വഴിയുള്ള തട്ടിപ്പുകൾ. തദ്ദേശസ്ഥാപനങ്ങളിലൂടെ കേരളത്തിലെ ജനങ്ങളെകൊള്ളയടിയ്ക്കുവാൻ ഇനിയനുവദിയ്ക്കില്ലെന്ന സന്ദേശമാണ് തിരു:കോർപ്പറേഷനിൽ വനിതകളുൾപ്പെടെയുള്ളവർ നടത്തുന്ന ഈസമരം. വീട്ടുകരം വെട്ടിപ്പ് ചർച്ച ചെയ്യുവാൻ ബിജെപി നോട്ടീസ് നല്കി വിളിച്ചുചേർത്ത സ്പെഷ്യൽകൗൺസിൽയോഗം 27 ന് കഴിയുന്നതോടെ ഈ വിഷയത്തിൽ കോർപ്പറേഷനുള്ളിൽ നടക്കുന്ന സമരത്തോടൊപ്പം തെരുവിലും സമരം ശക്തമാക്കുമെന്നും വിവി രാജേഷ് പറഞ്ഞു.