തൃശ്ശൂർ: തൃശ്ശൂർ കേരളവർമ കോളജിലെ പ്രിൻസിപ്പൽ പ്രൊഫ. എ പി ജയദേവൻ രാജി വെച്ചു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. കൊച്ചിന് ദേവസ്വം ബോര്‍ഡിന് അദ്ദേഹം രാജിക്കത്ത് നല്കി. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറിനിന്ന് അധ്യാപകപദവിയിലേക്ക് പോകാനുള്ള ആഗ്രഹമാണ് അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിച്ചത്.
ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ജയദേവൻ പ്രിൻസിപ്പൽ സ്ഥാനമൊഴിയുന്നത്. വൈസ് പ്രിൻസിപ്പലിന നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിൻസിപ്പൽ കത്തിൽ ചോദിച്ചിട്ടുണ്ട്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിൻസിപ്പലിനെ നിയമിച്ചത്. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തിൽ സ്ഥാനം ഒഴിയുന്നുവെന്നും ജയദേവൻ കത്തിൽ പറയുന്നു. എന്നാൽ യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പലിന്റെ നിയമനമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.