മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ത്ത് കേരളം. കൊറോണ വൈറസ് വാഹകരെ ഒന്നുവിടാതെ കണ്ടെത്തി ചികിത്സിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി 35 അതിര്‍ത്തി ചെക്പോസ്റ്റുകളിലും ആരോഗ്യവകുപ്പും പൊലീസും സംയുക്തപരിശോധന ആരംഭിച്ചു. അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ–-സര്‍ക്കാര്‍–- പൊതുഗതാഗത വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നു. രണ്ട് ആരോഗ്യവകുപ്പ് ജീവനക്കാരും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്ന നിരവധി ടീമുകളായി തിരിഞ്ഞാണ് പരിശോധന. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന വരുംദിവസങ്ങളിലും തുടരും.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിര്‍ത്തിയിലാണ് പകലും രാത്രിയും സംഘമായി തിരിഞ്ഞ് പരിശോധന. ഓരോ വാഹനവും നിര്‍ത്തി തെര്മോമീറ്ററിന്റെ സഹായത്തോടെ യാത്രക്കാരുടെ ശരീരോഷ്മാവ് നോക്കും. പരിശോധനയില്‍ 39 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉള്ളവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. മലയാളിയാണെങ്കില്‍ ഇവരുടെ വിവരങ്ങള്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറും. പിന്നീട് മൊബൈല്‍ മുഖാന്തരം ബന്ധപ്പെട്ട് ഇവര്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാണെന്നും ഉറപ്പാക്കും.
വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ കഴിഞ്ഞ 15 ദിവസത്തെ യാത്രാവിവരവും ശേഖരിക്കുന്നു. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ മൊബൈല്‍ നമ്ബര്‍, വാഹനത്തിന്റെ രജിസ്റ്റര്‍ നമ്ബര്‍ എന്നിവ പ്രത്യേകം എടുക്കുന്നുണ്ട്. വിമാനത്താവളത്തില്‍നിന്ന് ആളെ സ്വീകരിക്കാന്‍ പോകുന്നവരുടെ മൊബൈല്‍ നമ്ബരും രേഖപ്പെടുത്തും.
അതത് ചെക്പോസ്റ്റ് പ്രദേശത്തെ പ്രധാന ആശുപത്രിയിലെ ഡോക്ടര്‍ നോഡല്‍ ഓഫീസറായി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന. ബീറ്റ് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കുന്നു. വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും പഴുതടച്ച പരിശോധന യാണ്.