തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം.ടി-നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും.
തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.
25 വേദികളിലായാണ് മത്സരങ്ങൾ. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തി. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.
സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. തദ്ദേശീയ ജനതയുടെ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയും ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നുണ്ട്. സംസ്കൃതോത്സവം ഗവ. മോഡൽ എച്ച്എസ്എസ്, ഗവ. മോഡൽ എൽപിഎസ് തൈക്കാട് എന്നീ സ്കൂളുകളിലും അറബിക് കലോത്സവം ശിശുക്ഷേമ സമിതി ഹാൾ തൈക്കാട്, ഗവ. മോഡൽ എച്ച്എസ്എസ് തൈക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്.