
തിരുവനന്തപുരം∙ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍ പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിനു യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമായി മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവും എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കും.
കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഇല്ല.
2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-234 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേര്‍ന്ന 111 ബാച്ചുകളും 2024-25 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരുമെന്നും മന്ത്രി അറിയിച്ചു. 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി മേയ് 20.
∙ഏകജാലക അഡ്മിഷന് ഷെഡ്യൂള്‍
ട്രയല്‍ അലോട്ട്മെന്റ് – മേയ് 24
ആദ്യ അലോട്ട്മെന്റ് തീയതി – ജൂണ്‍ 2
രണ്ടാം അലോട്ട്മെന്റ് തീയതി – ജൂണ്‍ 10
മൂന്നാം അലോട്ട്മെന്റ് തീയതി – ജൂണ്‍ 16
ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
