കോഴിക്കോട്: സംസ്ഥാനത്ത് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ചെയ്തത് 33 കേസുകള്‍. ലോണ്‍ ആപ്പില്‍ കുരുങ്ങി എറണാകുളത്ത് രണ്ടു കുട്ടികളുള്‍പ്പെടെയുള്ള കുടുംബത്തിന്റെ കൂട്ട ആത്മഹത്യയും കോഴിക്കോട്ട് യുവതിയുടെ ആത്മഹത്യാശ്രമവുമുണ്ടായി. ആലപ്പുഴയില്‍ വീട് നിര്‍മാണത്തിനായി സ്വരുകൂട്ടിയ 64,000 രൂപ വീട്ടമ്മയ്ക്ക് നഷ്ടമായി. ലോണ്‍പോലുമെടുക്കാതെയാണ് ആപ്പ് സംഘത്തിന്റെ ചതിയില്‍ക്കുടുങ്ങി വയനാട്ടില്‍ യുവാവ് ആത്മഹത്യചെയ്തത്. തിരുവനന്തപുരത്ത് 15 കേസുകളും തൃശ്ശൂരില്‍ 10 കേസുകളുമാണെടുത്തത്. കോഴിക്കോട്ട് മൂന്നും, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓരോ കേസ് വീതവുമുണ്ട്. ലക്ഷംമുതല്‍ ചെറിയ തുകവരെ നഷ്ടപ്പെട്ട ഒട്ടേറെ പരാതികളുണ്ട്. മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ചോര്‍ത്തിയെടുക്കുന്ന കോണ്ടാക്ട് ലിസ്റ്റിലെ നമ്പറുകളിലേക്ക് പണം ചോദിച്ച് സന്ദേശം അയക്കുന്നതും ഉള്‍പ്പെടെ പലതരത്തിലുള്ള ഭീഷണി നേരിടേണ്ടിവന്നവരും ഏറെ.
192 ലോണ്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേരള പോലീസിന്റെ സൈബര്‍ വിഭാഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 158 ആപ്പുകള്‍ ബ്ലോക്ക് ചെയ്തു.
എറണാകുളം കടമക്കുടിയിലെ കുടുംബമാണ് ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണികാരണം കൂട്ട ആത്മഹത്യചെയ്തത്. 2023 സെപ്റ്റംബര്‍ 12-നായിരുന്നു സംഭവം. മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്പ, ഏഴും അഞ്ചും വയസ്സുള്ള മക്കളായ എയ്ബല്‍, ആരോണ്‍ എന്നിവരാണ് മരിച്ചത്. ലോണ്‍ ആപ്പായ ഹാപ്പി വാലറ്റിനെതിരേ സംഭവത്തില്‍ വരാപ്പുഴ പോലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് ലോണ്‍ ആപ്പിന്റെപേരില്‍ അതിക്രമം നേരിടേണ്ടിവന്നു. ഒരാള്‍ക്ക് 18,000 രൂപ നഷ്ടമായി. മറ്റൊരാള്‍ 10,000 രൂപയ്ക്ക് ഒരു ലക്ഷംവരെ അടയ്ക്കേണ്ടിയും വന്നു. തിരൂരില്‍ ഒരു യുവാവ് ഓണ്‍ലൈന്‍ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും ആപ്പുകാര്‍ പണം നല്കാതെതന്നെ പണമടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി.
തൃശ്ശൂര്‍ സിറ്റിയിലും റൂറലിലുമായി ഇത്തരത്തിലുള്ള പത്തോളം കേസുകളാണ് അന്വേഷണത്തിലുള്ളത്. കോട്ടയം കുമരനല്ലൂരില്‍ ഡോക്യുമെന്ററി സംവിധായികയ്ക്കും ഭീഷണിയുണ്ടായി. ഫോണില്‍വന്ന ലിങ്ക് അബദ്ധത്തില്‍ തൊട്ടതോടെ ഒരു ആപ്പ് ഇന്സ്റ്റാളാവുകയായിരുന്നു.
ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ആശയക്കുഴപ്പവും കേസുകള്‍ വൈകിപ്പിക്കുന്നു. പലകേസുകളിലും പോലീസ് അന്വേഷണം തുടങ്ങുന്നതോടെ ആപ്പുകള്‍ അപ്രത്യക്ഷമാവും. പിന്നീട് പേരുമാറ്റി പുതിയ ആപ്പുകളായി പ്രത്യക്ഷപ്പെടുമെന്ന് കോഴിക്കോട്ടെ സൈബര്‍ പോലീസ് പറയുന്നു.