കോഴിക്കോട്: കൊവിഡ് 19-ന്റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെയിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്.
എന്നാൽ, ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ രണ്ട് പേരാണുള്ളത്. ഇദ്ദേഹത്തിന്റെ അമ്മ അടക്കമുള്ളവരാണ് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മയും പോസിറ്റീവാണ്. രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചത്. ഇദ്ദേഹത്തിന്റെ അമ്മയുടെയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖ് മാധ്യമങ്ങളോട് പറഞ്ഞു.