
കൊച്ചി: കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പൽ എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ. ഇതുസംബന്ധിച്ച് ഏ.ജിയോട് സർക്കാർ നിയമോപദേശം തേടി. ക്രിമിനൽ-സിവിൽ നടപടിക്കുള്ള സാധ്യതയാണ് സർക്കാർ അന്വേഷിക്കുന്നത്.
കപ്പൽ മുങ്ങി തീരത്ത് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രധാന വിഷയം. കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കേരള തീരത്തടിയുന്നുണ്ട്. ഇതുവരെ ഏതാണ്ട് നാൽപത്തിയാറോളം കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിലായി അടിഞ്ഞിട്ടുണ്ട്. എണ്ണപ്പാട ഒഴുകുന്നത് തടയാനുള്ള നടപടികൾ എടുക്കുന്നുണ്ടെങ്കിലും അത് കേരള തീരത്തേക്ക് എത്തുന്ന സാധ്യത തള്ളിക്കളയാനാവില്ല. ഈ പശ്ചാത്തലത്തിലാണ് കപ്പൽ കമ്പനിക്കെതിരേ നിയമനടപടിയെടുക്കാനാവുമോ എന്ന് സർക്കാർ ആലോചിക്കുന്നത്.
എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിയമോപദേശം ലഭിച്ചാൽ കപ്പൽ കമ്പനിക്കെതിരേ കേസെടുക്കാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല കപ്പൽ അപകടത്തെക്കുറിച്ച് പല സംശയങ്ങളും ഇപ്പോൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കപ്പൽ മുങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സർക്കാർ.
ഇക്കഴിഞ്ഞ മെയ് 24നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കണ്ടെയ്നർ കപ്പൽ ആലപ്പുഴയ്ക്ക് സമീപത്ത് ഉൾക്കടലിൽ ചരിഞ്ഞത്. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തൽ. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്നറുകൾ ഒഴുകി കേരളതീരം തൊട്ടാൽ കസ്റ്റംസിനാണ് പിന്നെ പൂർണ ഉത്തരവാദിത്വം.
