തിരുവനന്തപുരം: പാര്‍ട്ടിയുടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കേരളത്തിലെത്തിയപ്പോഴൊക്കെ സീതാറാം യച്ചൂരി വന്നെത്തിയിരുന്ന ഏകെജി സെന്ററിലേക്ക് പ്രിയസഖാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞു നിരവധി നേതാക്കളാണ് എത്തിച്ചേര്‍ന്നത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. വിയോഗവാര്‍ത്തയറിഞ്ഞു പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി.
അടുത്ത സുഹൃത്ത് എസ്.ആര്.രാമചന്ദ്രന് പിള്ള ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എകെജി സെന്ററില്‍ ഉണ്ടായിരുന്നു. 1992 മുതല്‍ 30 വര്‍ഷത്തോളം പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ യച്ചൂരിക്കൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചുവെന്ന് എസ്.ആര്.രാമചന്ദ്രന് പിള്ള പറഞ്ഞു. മാര്‍ക്സിസം സംബന്ധിച്ചും സാര്‍വദേശീയ പ്രശ്നങ്ങള്‍ സംബന്ധിച്ചും അത്യഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്നും എസ്ആര്‍പി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്, മന്ത്രി മുഹമ്മദ് റിയാസ്, എം.സ്വരാജ് തുടങ്ങിയ നേതാക്കളും എകെജി സെന്ററിലേക്ക് എത്തി. യുവതലമുറ നേതാക്കളുമായി വലിയ ബന്ധം സീതാറാം യച്ചൂരി വച്ചുപുലര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രസംഗങ്ങളിലും അദ്ദേഹത്തിന്റെ പരിഭാഷകനായി പ്രവര്‍ത്തിച്ച കാര്യം റിയാസ് അനുസ്മരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബേപ്പൂരില്‍ എത്തിയപ്പോള്‍ പ്രസംഗം തുടങ്ങിയതു തന്നെ എന്റെ പ്രസംഗ പരിഭാഷകനു വോട്ട് ചോദിച്ചാണ് ഞാന്‍ എത്തിയതെന്നു പറഞ്ഞാണെന്നും മുഹമ്മദ് റിയാസ് ഓര്‍മിച്ചു.