തിരുവനന്തപുരം: അടിയന്തരാവസ്ഥ ഒരു മനോഭാവമാണെന്നും ആധുനിക കാലത്തെ അടിയന്തരാവസ്ഥയാണ് കേരളത്തിൽ പിണറായി വിജയൻ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ദിരാ ഗാന്ധിക്ക് പഠിക്കുകയാണ് പിണറായി വിജയനെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും നടക്കുന്നത് അടിയന്തരാവസ്ഥയാണ്. അവിടങ്ങളിൽ മാദ്ധ്യമങ്ങളോ പ്രതിപക്ഷമോ ഇല്ല. അതേപോലത്തെ ജനാധിപത്യവിരുദ്ധ കാര്യങ്ങളാണ് കേരളത്തിലും നടക്കുന്നത്.
എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിൽ ഏഴുവർഷത്തെ അന്വേഷണത്തിന് ശേഷം രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്തപ്പോൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ ഗുജ്റാത്ത് കലാപത്തിൻ്റെ പേരിൽ മോദിയെ കോൺഗ്രസ് വേട്ടയാടിയപ്പോൾ മോദിയും ബിജെപിയും ഒരു പ്രതിഷേധവും നടത്തിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുൻകാല പ്രാബല്ല്യത്തിൽ ഭരണഘടനയുടെ 42 മത് വകുപ്പ് ഭേദഗതി ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങൾ തനിക്കെതിരായതുകൊണ്ടാണ് ഇന്ദിരഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. ജയപ്രകാശ് നാരായണൻ്റെയും ആർഎസ്എസ്സിൻ്റെയും നേതൃത്വത്തിൽ ലോക സംഘർഷസമിതിയുണ്ടാക്കി ജനാധിപത്യ വിശ്വാസികൾ വലിയ പോരാട്ടം നടത്തി. കരിനിയമങ്ങൾ ചുമത്തി പ്രതിഷേധിച്ചവരെ ജയിലിലടച്ച് കോൺഗ്രസ് സർക്കാർ ക്രൂരമായി പീഡിപ്പിച്ചു. ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ ആർഎസ്എസ്സും ജനസംഘവും എബിവിപിയും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിലെ സുവർണലിപികളിലാണ് എഴുതിച്ചേർക്കപ്പെട്ടതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
അടിയന്തരാവസ്ഥയിൽ കമ്മ്യൂണിസ്റ്റുകാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. സിപിഐ പരസ്യമായി കോൺഗ്രസിനൊപ്പം നിന്നു. സിപിഎം അടിയന്തരാവസ്ഥയോട് സമരസപ്പെട്ടു. ബിജെപി നിലനിൽക്കുന്നിടത്തോളം രാജ്യത്ത് ജനാധിപത്യം നിലനിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ, ജനം ടിവി ചീഫ് എഡിറ്റർ ജികെ സുരേഷ്ബാബു, ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, ജില്ലാ സെക്രട്ടറി സജി പാപ്പനംകോട് എന്നിവർ സംസാരിച്ചു.
