കൊച്ചി: പാതയോരത്തെ അനധികൃത കൊടിമരങ്ങൾക്കെതിരായ കേസിൽ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. കഴിഞ്ഞദിവസം താൻ തിരുവനന്തപുരത്ത് പോയതായും അവിടെ നിറയെ കൊടിമരങ്ങളായിരുന്നെന്നും അതിൽ കൂടുതലും ചുവന്ന കൊടികളായിരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് രണ്ടാഴ്ച മുൻപ് കോടതി നിർദ്ദേശിച്ചിരുന്നു. കൊടിമരം സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കണമെന്നും അവർക്കെതിരെ വിചാരണ നടപടിയുണ്ടാകണമെന്നുമായിരുന്നു നിർദ്ദേശം. അനധികൃത കൊടിമരങ്ങൾ ഒഴിവാക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ഹർജിയിലായിരുന്നു ഇന്ന് കോടതി അഭിപ്രായം രേഖപ്പെടുത്തിയത്.ആരുപറഞ്ഞാലും കേരളം നന്നാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.കോടതി നിർദ്ദേശം വന്നുടൻ കളക്ടർമാർ ഉത്തരവിറക്കുകയും അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് കോടതി വിമർശനം ഉന്നയിച്ചത്.