കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണ് എന്നും കോടതി വിമര്‍ശിച്ചു.
വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന് പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. വിഷ്ണു വധക്കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു.
വഞ്ചിയൂർ വിഷ്ണു വധക്കേസില്‍ ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ ഇന്ന് ഹൊക്കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്.13 പ്രതികളെയാണ് വെറുതെ വിട്ടത്.
2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് ആർഎസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷയും നൽകി കോടതി ശിക്ഷിച്ചിരുന്നു.

Summary: Martyrs’ Day celebrations will inflame rivalries; Kerala High Court against political killings