
കൊച്ചി: കെ.എസ്.ആര്.ടി.സി. പെന്ഷന് വൈകലില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാര്‍ പെന്ഷന് കിട്ടാതെ ആത്മഹത്യചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ദുഃഖകരമാണെന്നും കോടതി പരാമര്‍ശിച്ചു. കാട്ടാക്കട ഡിപ്പോയില്‍നിന്ന് വിരമിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ ആത്മഹത്യചെയ്ത സംഭവമാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ആത്മഹത്യ പെന്ഷന് കിട്ടാത്തതിനാലാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ഇതുവരെ പെന്ഷന് കിട്ടാത്തതുമൂലം നാലു ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ഓണക്കാലമായതിനാല്‍ സെപ്റ്റംബര്‍ മാസത്തിലെ പെന്ഷന് വൈകരുതെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ, ജൂലായ് വരെയുള്ള പെന്ഷന് കൊടുത്തുതീര്‍ത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
