
വി. അബ്ദുല്‍ മജീദ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറു മണിക്ക് അവസാനിക്കും. ഇനി വോട്ടെടുപ്പിനു മുമ്പ് അവശേഷിക്കുന്ന ഒരേയൊരു ദിവസം വോട്ടര്‍മാരെ നേരില്‍ കണ്ട് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനും വോട്ട് നല്‍കുമോ എന്ന് ഉറപ്പില്ലാത്തവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുമുള്ള നെട്ടോട്ടത്തിലായിരിക്കും മുന്നണികളുടെ പ്രവര്‍ത്തകര്‍.
വിജയത്തിന്റെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഭരണം പിടിക്കാനുള്ള സാധ്യത അതിവിദൂരമാണെന്ന് അറിയാമെങ്കിലും എന്‍.ഡി.എയും പുറമെ പ്രകടിപ്പിക്കുന്നത് തികഞ്ഞ ആത്മവിശ്വാസം.
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് ഏറ്റവും കുഞ്ഞ സമയം കിട്ടിയ തെരഞ്ഞെടുപ്പാണിത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം നിരവധി ദേശീയ നേതാക്കള്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. യു.ഡി.എഫിനു വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്‍.ഡി.എയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കം കളത്തിലിറങ്ങിയപ്പോള്‍ എല്‍.ഡി.എഫിന്റെ പ്രചാരണം നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എം.എ. ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ സി.പി.എമ്മിന്റെ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നെങ്കിലും താരപ്രചാരകന് പിണറായി വിജയന് തന്നെയായിരുന്നു.
2,71,42,952 വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുന്നത്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 1,39,21,868 സ്ത്രീ വോട്ടര്‍മാരാണുള്ളത്. 1,32,20,811 പുരുഷ വോട്ടര്‍മാരും ഭിന്നലിംഗക്കാരായ 273 വോട്ടര്‍മാരുമുണ്ട്. 2,42,093 പേര് പ്രവാസി വോട്ടര്‍മാരാണ്. 18-19 പ്രായപരിധിയിലുള്ള 4,66,408 വോട്ടര്‍മാരും 20-29 പ്രായപരിധിയില്‍ 45,72,783 വോട്ടര്‍മാരുമുണ്ട്. 40-49 പ്രായപരിധിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 56,32,036 പേര്. 50-59 പരിധിയില്‍ 51,45,158 പേരുമുണ്ട്. 100 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ 1,555 പേരാണ്.
പത്തു വര്‍ഷത്തെ ഭരണനേട്ടം എടുത്തുകാട്ടി മൂന്നാംവട്ടവും അധികാരത്തിലെത്താനാണ് എല്‍.ഡി.എഫിന്റെ ശ്രമം. സകല മേഖലകളിലും ഭരണവിരുദ്ധവികാരം പ്രകടമാണെന്നും അതുകൊണ്ടുതന്നെ മാറ്റത്തിനായി വോട്ടര്‍മാര്‍ വിധിയെഴുതുമെന്നുമുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രവര്‍ത്തനമികവ് കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും ഇടയാക്കുമെന്ന പ്രതീക്ഷയാണ് എന്‍.ഡി.എയ്ക്കുള്ളത്.
10 വര്‍ഷത്തെ ഭരണനേട്ടത്തിന്റെ പ്രോഗ്രസ് കാര്‍ഡാണ് എല്‍.ഡി.എഫിന്റെ ഏറ്റവും വലിയ ആയുധം. അതേസമയം കെ.എസ്.ആര്.ടി.സി. ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉള്‍പ്പെടെ 5 ഇന്ദിര ഗാരന്റികള്‍ യു.ഡി.എഫ്. അവതരിപ്പിച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണക്കവര്‍ച്ച, വയനാട് ഫണ്ട് വിവാദം, എഫ്.സി.ആര്.എ, എസ്.ഡി.പി.ഐ- ജമാഅത്തെ ഇസ്ലാമി ബന്ധം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ബി.ജെ.പിയുമായുള്ള എല്‍.ഡി.എഫ്. ഡീല്‍ ആരോപണം, പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ വിഷയങ്ങളില്‍ വന്‍ ആരോപണ, പ്രത്യാരോപണങ്ങള്‍ പ്രചാരണത്തില്‍ നിറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ പ്രധാനപ്പെട്ട നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ പ്രതിരോധിക്കാന്‍ പാടുപെടുന്നതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറികള്‍ സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്. അഭിമന്യു കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുന്നതിന് കൃത്യമായ മറുപടി നല്‍കാതെ എല്‍.ഡി.എഫ്. നേതാക്കള്‍ ഒഴിഞ്ഞുമാറിയത് യു.ഡി.എഫ്. ആയുധമാക്കുകയുമുണ്ടായി.


