
പ്രത്യേക ലേഖകന്‍
കോഴിക്കോട്: കേരളം പോളിംഗ് ബൂത്തിലേക്കടുക്കുമ്പോള് രാഷ്ട്രീയ ചേരികളില്‍ പ്രതീക്ഷയും അതോടൊപ്പം ആശങ്കകളും. ചില നിയമസഭാ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ചിലയിടങ്ങളില്‍ ചിത്രം തീര്‍ത്തും അവ്യക്തവുമാണ്. പരമ്പരാഗതമായി മുന്നണികള്‍ വിജയമുറപ്പിച്ചിരുന്ന മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രതീതിയുമുണ്ട്.
ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ച് സര്‍വ്വസന്നാഹങ്ങളോടും കൂടി തന്നെയാണ് ഭരണപക്ഷമായ എല്‍.ഡി.എഫ്. മുന്നേറുന്നത്. അതിനായി സകലവിധ പ്രചാരണ രീതികളും മുന്നണി അതിശക്തമായി തന്നെ പ്രയോഗിക്കുന്നുമുണ്ട്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ വീണ്ടും പോരിനിറക്കിയ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലുള്ള ജനസ്വീകാര്യത വഴി സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണിയെ നയിക്കുന്ന സി.പി.എം.
എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിമതസാന്നിധ്യം പരമ്പരാഗത ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക നേതൃത്വത്തെ അലട്ടുന്നുമുണ്ട്. മുന്‍ മന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായിരുന്ന ജി. സുധാകരന് വിമതനായി യു.ഡി.എഫ്. പിന്തുണയോടെ പാര്‍ട്ടി കോട്ടയായ അമ്പലപ്പുഴയില്‍ പോരിനിറങ്ങി ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുപോലെ വിമതരായി യു.ഡി.എഫ്. പിന്തുണയോടെ പോരാടുന്ന മുന്‍ എം.എല്‍.എമാരായ ഐഷ പോറ്റി (കൊട്ടാരക്കര), പി.കെ. ശശി (ഒറ്റപ്പാലം) എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ചെറുതല്ല.
ഒരിക്കലും ഇളക്കം തട്ടാത്ത കണ്ണൂര്‍ ജില്ലയിലെ കോട്ടകളിലുണ്ടായ വിള്ളലും സി.പി.എം. നേതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപിച്ച് പയ്യന്നൂരില്‍ പോരിനിറങ്ങിയ വി. കുഞ്ഞികൃഷ്ണനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്കെതിരെ തളിപ്പറമ്പില്‍ വിമതനായി ഇറങ്ങിയ ടി.കെ. ഗോവിന്ദനും യു.ഡി.എഫിന്റെ പിന്തുണയുണ്ട്. ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാക്കളായിരുന്നു ഇരുവരും. ഇവര്‍ ഉയര്‍ത്തിവിട്ട വെല്ലുവിളി ജില്ലയുടെ ഇതര ഭാഗങ്ങളിലേക്കും ബാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. ഇവരുടെയും ജി. സുധാകരന്റെയും വിമതത്വം കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ വ്യാപകമായ വോട്ടുചോര്‍ച്ച സൃഷ്ടിച്ചാല്‍ അത് തുടര്‍ഭരണ സാധ്യതയെ തന്നെ ഇല്ലാതാക്കാനിടയുണ്ട്.
ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം നല്കുന്ന രാഷ്ട്രീയ സൂചന യു.ഡി.എഫ്. ക്യാമ്പിന് വലിയ തോതില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. അതിന്റെ ബലത്തിലാണ് നേതാക്കള്‍ 100 സീറ്റ് നേടുമെന്നൊക്കെ അവകാശപ്പെടുന്നത്.
എന്നാല്‍ ഈ പ്രതീക്ഷയ്ക്കിടയിലും കാര്യങ്ങള്‍ അത്രയൊന്നും ഭദ്രമല്ലെന്ന് നേതാക്കള്‍ അറിയുന്നുണ്ട്. വീണ്ടും പോരിനിറങ്ങിയ എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയെ മറികടക്കാന്‍ നന്നായി വിയര്പ്പൊഴുക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് യു.ഡി.എഫ്. അതിനിടയില്‍ കോണ്‍ഗ്രസിന്റെ വയനാട് പ്രളയ പുനരധിവാസ ഫണ്ട് സംബന്ധിച്ച് എല്‍.ഡി.എഫ്. ഉയര്‍ത്തിവിട്ട പ്രചാരണം യു.ഡി.എഫിനെ ചെറിയ തോതിലെങ്കിലും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കൂടാതെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ക്കുമേല്‍ അവ്യക്തത പടര്‍ത്തിയിട്ടുമുണ്ട്.
നിലവില്‍ നിയമസഭയില്‍ ഒറ്റ എം.എല്‍.എ. പോലുമില്ലാത്ത എന്‍.ഡി.എയ്ക്ക് കിട്ടുന്നത് ലാഭമെന്ന അവസ്ഥയാണുള്ളത്. പരമാവധി അഞ്ചു സീറ്റിനപ്പുറം മുന്നണി നേതൃത്വം പ്രതീക്ഷിക്കുന്നുപോലുമില്ല. വിജയിക്കാനാവാത്ത മണ്ഡലങ്ങളില്‍ പരമാവധി വോട്ട് വിഹിതം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.ഡി.എ. പോരാടുന്നത്.


