തിരുവനന്തപുരം∙ സിസേറിയനിടെ 23കാരിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് കുടുങ്ങിയ കേസില്‍ സർക്കാർ ഡോക്ടർക്ക് പിഴ ശിക്ഷ. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുജ അഗസ്റ്റിനാണ് കോടതി 3.15 ലക്ഷം രൂപ പിഴയൊടുക്കാൻ ശിക്ഷ വിധിച്ചത്. പിഴവുണ്ടായത് ഒപ്പമുണ്ടായിരുന്ന നഴ്സിനാണെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിച്ചില്ല. 2022 ജൂലൈ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്‍കര അമരവിള പ്ലാവിള ജെ.ജെ. കോട്ടേജില്‍ ജിത്തുവാണ് പരാതി നൽകിയത്.
പെര്‍മനന്റ് ലോക് അദാലത്ത് ചെയര്മാന് പി. ശശിധരന്, അംഗങ്ങളായ വി.എന്‍. രാധാകൃഷ്ണന്, ഡോ. മുഹമ്മദ് ഷെറീഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഡോക്ടറെ ശിക്ഷിച്ചത്. മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും യുവതിയുടെ ചികിത്സച്ചെലവിനായി 10,000 രൂപയും കോടതിച്ചെലവിനായി അയ്യായിരം രൂപയും പരാതിക്കാരിക്ക് നല്‍കണം.
സിസേറിയൻ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്നശേഷം കടുത്ത വേദനയും നീരും വന്നതിനെ തുടര്‍ന്ന് ജിത്തു ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞ് കഴിക്കാന്‍ വേദനയ്ക്കുളള മരുന്നും ഡോക്ടര്‍ കുറിച്ചു നല്കി. മൂന്ന് തവണ ഡോക്ടറെ സന്ദര്‍ശിച്ചപ്പോഴും ഇത്തരത്തില്‍ മടക്കി അയക്കുകയായിരുന്നു. ഇതിനിടെ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടായ ജിത്തുവിനെ 2023 മാര്‍ച്ച് മൂന്നിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയപ്പോഴാണ് സിസേറിയന് സമയത്ത് രക്തവും മറ്റും വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ മോപ്പ് ഗര്‍ഭപാത്രത്തില്‍ കണ്ടെത്തിയത്. സാധാരണ ഗതിയില്‍ സിസേറിയന് കഴിയുമ്പോള്‍ ഉപയോഗിച്ച സാധനങ്ങളുടെ പട്ടിക പരിശോധിച്ച് അവയെല്ലാം പുറത്തുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ ഉറപ്പ് വരുത്താറുണ്ട്. എന്നാൽ ഡോക്ടർ സുജയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണുണ്ടായത്.