കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായി കരോലിസ് സ്കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന് ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചയാളാണ് കരോലിസ് സ്കിന്‍കിസ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാകും.
സുഡുവയിലെ സേവനകാലത്ത് ടീം തെരഞ്ഞെടുപ്പിലും മറ്റും കരോലിസ് പ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിനു കീഴില്‍ ക്ലബ് 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ ലിത്വാനിയന്‍ ലീഗില്‍ ഒന്നാമതെത്തിയിരുന്നു. കൂടാതെ ഈ വര്‍ഷങ്ങളില്‍ യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യതയും നേടിയതോടെ ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി നിരവധി നേട്ടങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്.
‘ക്ലബ്ബിന്റെ സ്പോര്‍ട്സ് ഡയറക്ടറായി എത്തുന്ന കരോലിസിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉടമസ്ഥരുടെയും മാനേജ്മെന്റിന്റെയും പേരില്‍ സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ കായിക കാര്യങ്ങളുടെയും ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തോടൊപ്പം മഹത്തായ ഈ ക്ലബ് സ്ഥിരമായ വിജയം നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വീരേന്‍ ഡി സില്‍വ പറയുന്നു.
കേരളത്തിലേക്ക് വരുന്നത് തനിക്ക് ആവേശമാണെന്നും ഈ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചതിന് ക്ലബ് മാനേജ്മെന്റിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നതായും സ്കിന്‍കിസ് പ്രതികരിച്ചു. കേരളത്തിലെ ആരാധകരുടെ അഭിനിവേശത്തിനും ഫുട്ബോളിനോടുള്ള ഇഷ്ടത്തിനും വില നല്‍കിക്കൊണ്ട് ഒരുമിച്ച് ക്ലബ്ബിനെ വളര്‍ത്തും. ഇതുവഴി ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്നവര്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുമെന്നും കരോലിസ് വ്യക്തമാക്കി.